എഡിറ്റോറിയൽ

ഇത്‌ പത്രസ്വാതന്ത്ര്യ ലംഘനം തന്നെയാണ്‌

ഈ കുറിപ്പ്‌ എഴുതുമ്പോൾ ദേശാഭിമാനി ലേഖകൻ കെ.എം.മോഹൻദാസിനെ അറസ്റ്റ്‌ ചെയ്യുകയോ അദ്ദേഹത്തെ പ്രതിയാക്കി കേസ്സെടുക്കുകയെങ്കിലുമോ ചെയ്തിട്ടില്ല. സി.ആർ.പി.സി.യിലെ സെക്ഷൻ 160 പ്രകാരം വിളിച്ചുവരുത്തുകയേ ചെയ്തിട്ടുള്ളൂ. എന്തിനാണ്‌ വിളിച്ചുവരുത്തുന്നത്‌? ഒരു കുറ്റകൃത്യം സംബന്ധിച്ച്‌ ഈ വ്യക്തിക്ക്‌ വിവരമുണ്ടാകാൻ ഇടയുണ്ട്‌. ആ വിവരം അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക്‌ നൽകാൻ ആണ്‌ ആളിനെ വിളിച്ചുവരുത്തുന്നത്‌. ഇത്‌ ചോദ്യം ചെയ്യൽ പോലുമല്ല. വിവരം തിരക്കൽ മാത്രമാണ്‌.
സംഗതി ഇങ്ങനെയിരിക്കെ, കെ.എം.മോഹൻദാസിനെ വിളിച്ചുവരുത്തിയത്‌ ഒരു സാധാരണ നടപടിക്രമം മാത്രമല്ലേ, എന്തിനാണ്‌ അതിന്റെ പേരിൽ ബഹളം വെക്കുന്നത്‌ എന്ന്‌ ചോദ്യം ഉയരാം. മോഹൻദാസിനെതിരെ കേസ്സെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതിയല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതും ഇതിനോട്‌ ചേർത്ത്‌ വായിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെ കുറിച്ച്‌ തെല്ലെങ്കിലും വേവലാതിയുള്ള ആർക്കും ഇതിനെ അവഗണിക്കാനാവില്ലതന്നെ. കാരണം, ഇത്‌ വാർത്ത എഴുതിയതിന്റെ പേരിലുള്ള പീഡനം തന്നെയാണ്‌. മാധ്യമസ്വാതന്ത്ര്യത്തെ അതിന്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊള്ളുന്ന ആർക്കും ഇത്തരമൊരു നടപടിയെ ന്യായീകരിക്കാൻ കഴിയില്ല.
ടി.പി.ചന്ദ്രശേഖരൻ വധക്കേസ്സിന്റെ പല അനന്തര സംഭവങ്ങളിൽ ഒന്നാണ്‌ ഇത്‌. ചന്ദ്രശേഖരൻ വധക്കേസ്‌ അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാർ പത്രപ്രവർത്തകർക്ക്‌ കേസ്‌ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നു എന്ന്‌ തെളിയിക്കാൻ വേണ്ടിയാണ്‌ മോഹൻദാസ്‌ പോലീസ്‌ ഉദ്യോഗസ്ഥരുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ വാർത്തയാക്കിയത്‌. പോലീസ്‌ ഓഫീസറെ ആരെല്ലാം വിളിച്ചു, ഓഫീസർ ആരെയെല്ലാം വിളിച്ചു എന്നേ വാർത്തയിൽ കൊടുത്തിട്ടുള്ളൂ. ഫോണിൽ എന്തെല്ലാമാണ്‌ സംസാരിച്ചത്‌ എന്ന്‌ വാർത്തയിലില്ല. ടെലഫോൺ വിളികളുടെ വിവരങ്ങളാണ്‌ അദ്ദേഹം ചോർത്തിയത്‌, ഉള്ളടക്കമല്ല. അതുകൊണ്ടുതന്നെ ഫോൺ ചോർത്തി എന്ന വാദത്തിലോ അങ്ങനെ ചെയ്തുവെന്ന്‌ കേസ്സെടുക്കുന്നതിലോ ഒട്ടും ന്യായമില്ലതന്നെ.
ഇങ്ങനെയുള്ള വിവരം ശേഖരിക്കാനും പ്രസിദ്ധപ്പെടുത്താനും മാധ്യമസ്ഥാപനത്തിനും മാധ്യമപ്രവർത്തകനും സ്വാതന്ത്ര്യമുണ്ട്‌. അത്‌ ഉപയോഗപ്പെടുത്തിയതിന്റെ പേരിൽ മാധ്യമപ്രവർത്തകൻ പീഡിപ്പിക്കപ്പെട്ടുകൂടാ. വാർത്തയെഴുതിയതിന്റെ പേരിലല്ല, ടെലിഫോൺ സ്വകാര്യതകൾ ചോർത്തിയതിന്റെ പേരിലാണ്‌ കേസ്‌ എന്നും മറ്റുമുള്ള തൊടുന്യായങ്ങൾ ഉയരുന്നുണ്ടെന്ന്‌ അറിയായ്കയല്ല. മാധ്യമപ്രവർത്തകൻ ജനങ്ങളുടെ അറിയാനുള്ള അവകാശം നിറവേറ്റുമ്പോൾ ചില്ലറ നിയമലംഘനങ്ങൾ ഉണ്ടായിക്കൂടെന്നില്ല. ഒളിവിൽ പോയ ഒരു തീവ്രവാദി നേതാവിനെ കണ്ട്‌ അഭിമുഖസംഭാഷണം നടത്തിയ ഒരു പത്രപ്രവർത്തകനെതിരെ വേണമെങ്കിൽ കേസ്സെടുക്കാം. സൂക്ഷ്മമായ അർത്ഥത്തിൽ പത്രപ്രവർത്തകന്റെ നടപടി നിയമലംഘനംതന്നെയായിരിക്കാം. പക്ഷേ, മാധ്യമധർമത്തെ കുറിച്ച്‌ ബോധമുള്ള സർക്കാറുകൾ ഇത്തരം കാര്യങ്ങളുടെ പേരിൽ പത്രപ്രവർത്തകനെ പിടിച്ച്‌ ജയിലിലിടാറില്ല. നിയമലംഘനങ്ങൾ വ്യക്തിയുടെ സ്വകാര്യത പോലുള്ള അവകാശങ്ങളുടെ ലംഘനമാവുകയാണെങ്കിൽ അതിനെതിരെ നടപടിയെടുക്കാം. ഇവിടെ അത്തരമൊരു പരാതിയില്ല.
സമീപകാലത്തുണ്ടായ ഇ-മെയിൽ ചോർത്തൽ വിവാദം ഓർക്കേണ്ടതുണ്ട്‌. വാസ്തവത്തിൽ അതിലും ചോർത്തലുണ്ടായിരുന്നില്ല. ഒരാളെ ബന്ധപ്പെട്ട ഇ-മെയിലുകൾ ആരുടേതെല്ലാമായിരുന്നു എന്ന്‌ പോലീസ്‌ അന്വേഷിച്ചത്‌ വലിയ വ്യക്തിസ്വാതന്ത്ര്യലംഘനമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്‌ മതപരമായ അനർത്ഥങ്ങളും കല്പിച്ചു. വിവരങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ മാധ്യമത്തിന്‌ ചോർത്തിക്കൊടുത്ത പോലീസ്‌ ഉദ്യോഗസ്ഥനെ പിടികൂടി ജയിലിലടച്ചു. പക്ഷേ, വിവരങ്ങൾ ഉപയോഗിച്ച്‌ വാർത്ത എഴുതിയ ലേഖകനെയോ മാധ്യമം പത്രാധിപരെയോ ജയിലിടക്കുകയുണ്ടായില്ല എന്നോർക്കണം. ഇക്കാര്യത്തിൽ ഉണ്ടായ വിവേകം മോഹൻദാസ്‌ കേസ്സിലും ഉണ്ടായേ തീരൂ.
ധാർമികമായി തെറ്റ്‌  എന്ന്‌ വ്യാഖ്യാനിക്കാവുന്ന വാർത്ത എഴുതാനും പത്രപ്രവർത്തകന്‌ സ്വാതന്ത്ര്യമുണ്ടാവണം. ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ വാർത്ത കേരളത്തിലെ പത്രസമൂഹത്തിനോ പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനോ ഗുണകരമായിരുന്നില്ല. എല്ലാ പത്രപ്രവർത്തകരും പോലീസ്‌ ഉദ്യോഗസ്ഥരിൽ നിന്ന്‌ വിവരം ശേഖരിച്ചാണ്‌ വാർത്തയെഴുതാറുള്ളത്‌. വാർത്ത പോലീസിനോട്‌ ചോദിച്ചെഴുതി എന്നതൊരിക്കലും തെറ്റോ കുറ്റമോ ആയിക്കൂടാത്തതാണ്‌. പോലീസ്‌ ഉദ്യോഗസ്ഥരെ പത്തും നൂറുംതവണ വിളിച്ചാണ്‌ ഓരോ ലേഖകനും ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ്‌ അന്വഷണം റിപ്പോർട്ട്‌ ചെയ്തത്‌ എന്നത്‌  അവർക്കെതിരായ വലിയ കുറ്റമായി ഉന്നയിക്കപ്പെട്ടു. മാധ്യമതാൽപര്യത്തേക്കാൾ പലർക്കും പ്രധാനം രാഷ്ട്രീയതാൽപര്യമാണെന്നത്‌ മനസ്സിലാക്കാനാവും. പക്ഷേ, സർക്കാറിന്‌ അതാവാൻ പറ്റില്ല. സർക്കാറിന്‌ പ്രധാനം സമൂഹതാൽപര്യമാവണം. പത്രപ്രവർത്തകർക്കെതിരെ വാർത്തയെഴുതാനും പത്രത്തിന്‌ സ്വാതന്ത്ര്യം വേണം. ദേശാഭിമാനിയുടെ ആ സ്വാതന്ത്ര്യവും പത്രസമൂഹം ഉയർത്തിപ്പിടിക്കേതുണ്ട്‌.  
ഈ പ്രശ്നത്തിൽ ഏറ്റവും ശക്തമായ ശബ്ദമുയർത്തിയത്‌ ദേശാഭിമാനി പത്രവും സി.പി.എമ്മും ആണെന്നത്‌ സ്വാഭാവികം മാത്രം. മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്നംതന്നെയാണ്‌ ശരിയായും അവർ ഉയർത്തിപ്പിടിച്ചത്‌. പക്ഷേ, ചന്ദ്രശേഖരൻ കൊലക്കേസ്‌ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട്​‍്‌ ഉണ്ടായ ഗുരുതരമായ മാധ്യമസ്വാതന്ത്ര്യവിരുദ്ധനീക്കത്തെ കുറിച്ച്‌ ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടതുണ്ട്‌. കേസ്സന്വേഷണം സംബന്ധിച്ച വിവരങ്ങൾ വാർത്തയാക്കുന്നതിൽ നിന്ന്‌ മാധ്യമങ്ങളെ തടയണമെന്ന വിചിത്രമായ ആവശ്യമാണ്‌ സി.പി.എം കോടതിയിൽ ഉയർത്തിയത്‌. പ്രതികളുടെ മൊഴികൾ ഉൾപ്പെടെ, കേസ്‌ സംബന്ധിച്ച സത്യസന്ധമായ വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്‌. അത്‌ പോലീസ്‌ ഉദ്യോഗസ്ഥരിൽ നിന്നുതന്നെയാണ്‌ മാധ്യമപ്രവർത്തകർ ശേഖരിക്കേണ്ടത്‌. കേസ്‌ അന്വേഷണ വാർത്തകൾ സമ്പൂർണമായി നിരോധിക്കുന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെയും നീതിനിർവഹണത്തിന്റെയും കഴുത്തുഞ്ഞെരിക്കുന്നതായി മാറും.  പ്രസ്തുത കേസ്സിൽ നിന്ന്‌ ഈ ഘട്ടത്തിലെങ്കിലും പിന്തിരിയുകയാണ്‌ മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന സി.പി.എം. ചെയ്യേണ്ടത്‌. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി അടിസ്ഥാന തത്ത്വങ്ങൾ വിസ്മരിച്ചുകൂടാ.

Tags: