കുലപതിയും കാമുകനും

സണ്ണിക്കുട്ടി ഏബ്രഹാം

മലയാള പത്രപ്രവർത്തനരംഗത്തെ ഗുരുനാഥനായ ടി. വേണുഗോപാലൻ ഇക്കഴിഞ്ഞ ആഗസ്റ്റ് 3ന്‌ അന്തരിച്ചു.  
മാതൃഭൂമിയിൽ അദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന മുതിർന്ന പത്രപ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാം അദ്ദേഹത്തെ അനുസ്മരിക്കുന്നു.

ഓഗസ്റ്റ്‌ മൂന്നിന്‌ വെള്ളിയാഴ്ച വെളുപ്പിന്‌ ഏഷ്യാനെറ്റിൽ പത്രവിശേഷം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തിക്കൊണ്ടിരിക്കുമ്പോൾ ജേക്കബ്‌ ജോർജ്‌ വിളിച്ചു പറഞ്ഞു: നമ്മുടെ വേണുവേട്ടൻ പോയി. തൊട്ടുപിന്നാലെ ഇന്ത്യ ടുഡേയിൽ നിന്ന്‌ എം.ജി. രാധാകൃഷ്ണന്റെ ഫോൺ. തുടർന്ന്‌ എൻ.പി. രാജേന്ദ്രന്റെ മെസ്സേജും വന്നു.
സ്റ്റുഡിയോയിലേക്ക്‌ കയറുമ്പോഴും, ഏഷ്യാനെറ്റിൽ പത്രവിശേഷം നടാടെ ആരംഭിച്ച വേണുവേട്ടനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസ്സുനിറയെ. ഒരു തിരശ്ശീലയിലെന്നോളം അത്‌ മനസ്സിലൂടെ അതിവേഗം കടന്നുപൊയ്ക്കൊണ്ടിരുന്നു. ഒന്നും ബ്ളാക്ക്‌ ആന്റ്‌ വൈറ്റായിരുന്നില്ല. ഡിജിറ്റൽ തെളിമയുള്ള വർണ്ണചിത്രങ്ങൾ. സ്നേഹത്തിന്റെയും കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും ആദരവിന്റേയും ആളുയരത്തിന്റെ ഇരട്ടിയുള്ള തലയെടുപ്പിന്റെയും ജീവിതചിത്രം.
ടി. വേണുഗോപാലൻ എന്ന വേണുക്കുറുപ്പ്‌ പലർക്കും പലതായിരുന്നു. മലയാളം പത്രപ്രവർത്തന രംഗത്തെ കുലപതി. പത്രപ്രവർത്തനത്തെ ഭ്രാന്തമായി പ്രണയിച്ച ഒരാൾ. റിപ്പോർട്ടിംഗിലും എഡിറ്റിംഗിലും പത്രപേജുകളുടെ രൂപകൽപ്പനയിലും ഫോട്ടോ എഡിറ്റിംഗിലും ഒരുപോലെ അസാമാന്യപ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കി. അദ്ദേഹം എഴുതിയ റിപ്പോർട്ട്‌ വായിച്ചാൽ ആ സംഭവത്തിന്‌ നമ്മൾ ദൃക്സാക്ഷിയായതുപോലെ തോന്നും. സ്വന്തം ലേഖകന്റെ ഒരു റിപ്പോർട്ടിലൂടെ അദ്ദേഹത്തിന്റെ കൈ ഓടിയാൽ അത്‌ പുതുരൂപം പ്രാപിക്കും. ചവറ്റുകൊട്ടയിലേക്ക്‌ പോകാമായിരുന്ന എത്രയോ വാർത്താ റിപ്പോർട്ടുകൾ അദ്ദേഹം മാറ്റിയെഴുതി ഒന്നാംപേജ്‌ വാർത്തയായി മാറ്റിയെടുത്തിരിക്കുന്നു. ഫോട്ടോ എഡിറ്റിംഗിൽ ആ വിരലുകൾ ഒരു മാന്ത്രികനെ പോലെ ഇന്ദ്രജാലം സൃഷ്ടിക്കുമായിരുന്നു.
പത്രപ്രവർത്തകൻ എന്ന തലക്കെട്ടിൽ വേണുക്കുറുപ്പിന്റെ ജീവിതകഥ പറഞ്ഞു തീർക്കാനാവില്ല. ഇരുത്തംവന്ന ഒരു തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു; അധ്യാപകനായിരുന്നു; എഴുത്തുകാരനായിരുന്നു. മൂന്നുവട്ടം അദ്ദേഹം കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. അദ്ദേഹം നയിച്ച പത്രപ്രവർത്തക ശിൽപശാലകൾ പങ്കെടുത്തവർക്ക്‌ ഒരനുഭവമായി മാറി. വിദേശത്തുനിന്നുവന്ന പത്രപ്രവർത്തക സംബന്ധിയായ ഗ്രന്ഥങ്ങളായിരുന്നില്ല അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങൾ, അനുഭവങ്ങളായിരുന്നു. എഴുത്തിലെ പോലെ ഹൃദ്യവും ലളിതവുമായ ശൈലിയായിരുന്നു ക്ളാസ്സുകളിൽ. ഒരു ഹ്യൂമൻ ഇന്ററസ്റ്റ്‌ സ്റ്റോറി വായിക്കുന്നതുപോലെ. വേണുവേട്ടന്റെ നേതൃത്വത്തിൽ പത്രപ്രവർത്തന പരിശീലനത്തിനായി ആരംഭിച്ച ‘ന്യൂസ്‌ ക്രാഫ്റ്റ്‌’ ആണ്‌ പിന്നീട്‌ പ്രസ്‌ അക്കാദമിയുടെ സ്ഥാപനത്തിന്‌ നിമിത്തമായത്‌.
വേണുക്കുറുപ്പിന്റെ താരതമ്യേന അപ്രകാശിതമായ മുഖം എഴുത്തുകാരന്റേതാണ്‌. പത്രപ്രവർത്തനത്തിന്റെ തിരക്കിൽ, അതിനോടുള്ള അനുരാഗതീവ്രതയിൽ എഴുതാൻ മറന്നുപോയ ഒരാളായിരുന്നു അദ്ദേഹം. പത്രമെഴുത്തിലായാലും സാഹിത്യമെഴുത്തിലായാലും ഭാഷ ഒരു വാശിയായിരുന്നു. ലളിതം, അതേ സമയം നിശിതം. പൊന്നാനിക്കളരിയിൽ നിന്ന്‌ കിട്ടിയ കരുത്തായിരുന്നിരിക്കണം അത്‌. പത്രത്തിലാണെങ്കിൽ ഒറ്റ വായനയിൽ വായനക്കാർക്ക്‌ മനസ്സിലാകണം. വിമർശനത്തിലാണെങ്കിൽ കൊള്ളേണ്ടിടത്ത്‌ മുള്ളുപോലെ തറഞ്ഞ്‌ കൊള്ളണം. ഒരു വാർത്തയുടെ ഇൻട്രോ - വാർത്തയുടെ തുടക്ക വാചകം, വാർത്തയിലേക്കുള്ള കവാടം, ഇൻട്രോ നന്നായാൽ വാർത്ത പകുതി നന്നായി എന്നാണ്‌ സങ്കല്പം - തയ്യാറാക്കാനായി എത്ര സമയം വേണമെങ്കിലും ചെലവഴിക്കും. എഴുതി തൃപ്തി വരാതെ കടലാസ്സ്‌ ചുരുട്ടി ചവറ്റുകൊട്ടയിലേക്ക്‌ എറിഞ്ഞുകൊണ്ടിരിക്കും. വിരലുകൾക്കും ചുണ്ടുകൾക്കും ഇടയിൽ സിസ്സേഴ്സ്‌ സിഗററ്റുകൾ എരിഞ്ഞുതീരും.
ഈശ്വരമംഗലം എന്ന തൂലികാനാമത്തിലാണ്‌ കവിതകൾ എഴുതിയിരുന്നത്‌. എപതുകളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ തിരുവനന്തപുരത്തേക്ക്‌ പറിച്ചു നട്ടപ്പോൾ ഇടക്കാലത്ത്‌ മുടങ്ങിക്കിടന്ന കവിതയെഴുത്ത്‌ പുനഃരാരംഭിച്ചു. അതുവായിച്ച്‌ പല പ്രമുഖരും ആരാഞ്ഞു: ആരാണ്‌ ഈ ഈശ്വരമംഗലം? എഴുത്തുപേരിന്റെ പിന്നിൽ അജ്ഞാതനായി കഴിയാനാണ്‌ അദ്ദേഹം ഇഷ്ടപ്പെട്ടത്‌. വേണുവേട്ടന്റെ കവിതകൾ ഇതുവരെ സമാഹരിച്ചിട്ടുമില്ല.
വിമർശനത്തിൽ അദ്ദേഹം നിർഭയനും നിർദ്ദയനുമായിരുന്നു. ആരെക്കുറിച്ചാണ്‌ എഴുതുന്നതെങ്കിലും തനിക്ക്‌ ശരിയെന്ന്‌ തോന്നുന്ന കാര്യങ്ങൾ നിശിതഭാഷയിൽ പറഞ്ഞുവച്ചു. എല്ലാവരും ഭയപ്പെടുന്ന സുകുമാർ അഴീക്കോടിനെ വിമർശിച്ചുകൊണ്ട്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പ്രഭാഷകന്റെ വിമർശന സാഹിത്യം’ എന്ന പരമ്പര മലയാള സാഹിത്യലോകത്തെ അക്ഷരാർത്ഥത്തിൽ കിടുക്കി. അതുണ്ടാക്കിയ അഭൂതപൂർവ്വമായ പ്രതികരണങ്ങൾ, അന്ന്‌ ആഴ്ചപ്പതിപ്പിന്റെ സബ്‌ എഡിറ്ററായിരുന്നതുകൊണ്ട്‌ അടുത്തറിയാൻ കഴിഞ്ഞിരുന്നു. പക്ഷേ വേണുവേട്ടന്റെ പ്രഥമവും പ്രധാനവുമായ പ്രണയം പത്രപ്രവർത്തനത്തോടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒന്നാം പേജിൽ പത്രപ്രവർത്തനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ നമുക്ക്‌ നഷ്ടമായത്‌ കിടയറ്റ ഒരു എഴുത്തുകാരനെയാണ്‌.
1980-ൽ മാതൃഭൂമി തിരുവനന്തപുരം എഡിഷന്റെ പ്രവർത്തനത്തിനായി ന്യൂസ്‌ എഡിറ്റർ എന്ന നിലയിൽ എത്തിയപ്പോഴാണ്‌ വേണുവേട്ടനെ ആദ്യം പരിചയപ്പെടുന്നത്‌. അന്നൊരു നാളിൽ എഡിഷന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എന്റെ നാടായ റാന്നിയിലെത്തി. മലയാള പത്രപ്രവർത്തന രംഗത്തെ മറ്റൊരു അതികായനായ അന്തരിച്ച പി.സി. സുകുമാരൻ നായരും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിന്റെ ആദ്യ മാനേജർ രാമചന്ദ്രപ്പണിക്കരും കൂടെയുണ്ട്‌. കല്ലും കുഴിയും നിറഞ്ഞ മലയോരനിരത്ത്‌ താണ്ടി കാർ ഒരു കാട്ടിലേക്ക്‌ കടന്നു. അതുകഴിഞ്ഞാണ്‌ എന്റെ ഗ്രാമം. അപ്പോൾ പെട്ടെന്ന്‌ വേണുവേട്ടന്റെ ചോദ്യം: “എടോ, പത്രപ്രവർത്തനം എന്നൊരു തൊഴിൽ ലോകത്തുണ്ടെന്ന്‌ താനെങ്ങനെ അറിഞ്ഞു?” എന്തായാലും തന്റെ ചിറകിന്റെ കീഴിലേക്ക്‌ അദ്ദേഹം എന്നേയും ചേർത്തുനിർത്തി. ആ സ്നേഹവും കരുതലും ഏറ്റ്‌ വളർന്നവർ അന്നത്തെ മാതൃഭൂമി ടീമിൽ ഏറെയുണ്ട്‌. ജേക്കബ്‌ ജോർജ്‌, എം.ജി. രാധാകൃഷ്ണൻ, ടി.എൻ. ഗോപകുമാർ, ടി. ശശിമോഹൻ, കെ.ജി. ജ്യോതിർഘോഷ്‌, പി.ബി. ലൽകാർ തുടങ്ങി പലരും.
ഒരു മികച്ച പത്രം തയ്യാറാക്കുന്നതിന്‌ എന്ത്‌ ത്യാഗത്തിനും കഷ്ടപ്പാടിനും അദ്ദേഹം തയ്യാറായി. കൃത്യമായ ആസൂത്രണത്തോടെയാണ്‌ വരിക. റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും പിന്നിൽ ആത്മവിശ്വാസം പകരുന്ന, അതേ സമയം ജാഗ്രതയോടെ ചലിക്കുന്ന കണ്ണുകൾ സദാസമയവും ഉണ്ടായിരിക്കും. ഡെസ്ക്‌ ആവട്ടെ അദ്ദേഹത്തിന്റെ പൂർണനിയന്ത്രണത്തിൽ. ആ അന്യാദൃശ്യ കൂട്ടുകെട്ടിൽ നിന്നുണ്ടായ പത്രങ്ങളാണ്‌ തിരുവനന്തപുരം എഡിഷനെ വൻ വിജയമാക്കിയത്‌. ഈ പത്രനിർമിതിയുടെ പിന്നിലെ പിരിമുറുക്കങ്ങൾ എരിച്ചുകളയുന്നത്‌ സിഗരറ്റ്‌ പുകയിലായിരുന്നു. പക്ഷേ ഈ ടെൻഷൻ അദ്ദേഹം സഹപ്രവർത്തകരിലേക്ക്‌ പ്രസരിപ്പിക്കില്ല. അവരുടെ മുന്നിൽ നിർമമനായിരിക്കും.
ആറ്റുകാൽ പൊങ്കാലയുടെ പ്രസക്തി ആഗോളതലത്തിൽ എത്തിച്ചതിന്റെ ബഹുമതി വേണുക്കുറിപ്പിന്‌ മാത്രമുള്ളതാണ്‌. പത്രപ്രചാരണ തന്ത്രത്തിന്റെ ഒന്നാംതരം ഉദാഹരണം കൂടിയായിരുന്നു അത്‌. തിരുവനന്തപുരത്ത്‌ പത്രം ആരംഭിച്ചപ്പോൾ അദ്ദേഹം മൂന്ന്‌ വിഷയങ്ങൾ തെരഞ്ഞെടുത്തു. ആറ്റുകാൽ പൊങ്കാല, വെട്ടുകാട്‌ പള്ളി പെരുന്നാൾ, ബീമാപള്ളി ഉറൂസ്‌. ഇത്‌ മൂന്നിനെയും അസാമാന്യമായ തോതിൽ അദ്ദേഹം പ്രൊമോട്ട്‌ ചെയ്തു. ഒന്നാം പേജിൽ അവയുടെ ഫോട്ടോയും വാർത്തകളും നിറച്ചു. പേജിന്റെ മുകൾ തൊട്ട്‌ താഴേയ്ക്ക്‌ പൊങ്കാലയുടെ അരപേജ്‌ ചിത്രം. പള്ളിപെരുന്നാളും ഉറൂസും അതുപോലെ. മറ്റ്‌ പത്രങ്ങൾക്കും ഇത്‌ പിന്തുടരേണ്ടിവന്നു. പക്ഷേ ക്ളിക്കായത്‌ പൊങ്കാലയായിരുന്നു എന്നുമാത്രം. മൃഗശാലയിലെ രാജവെമ്പാലയുടെ ചിത്രം നെടുനീളത്തിൽ രണ്ട്‌ കോളത്തിൽ കൊടുക്കും. കാലിക്കറ്റ്‌ സർവകലാശാലയ്ക്ക്‌ അഖിലേന്ത്യാ ഫുട്ബോൾ കിരീടം കിട്ടിയ വാർത്തകൊണ്ട്‌ ഒന്നാംപേജ്‌ നിറയ്ക്കും. അതിനൊക്കെ പത്രപ്രവർത്തനശാസ്ത്രപരമായ ന്യായീകരണങ്ങളും വേണുവേട്ടന്റെ പക്കലുണ്ടാകും.
1982-ലെ ഇന്ത്യ- വെസ്റ്റ്‌ ഇൻഡീസ്‌ ലോക ക്രിക്കറ്റ്‌ ഫൈനലിന്റെ ഫലവുമായി പുറത്തിറങ്ങിയ മാതൃഭൂമി തിരുവനന്തപുരം എഡിഷൻ പത്രവും ഇന്ദിരാഗാന്ധി വെടിയേറ്റ്‌ മരിച്ചതിന്റെ പിറ്റേന്നത്തെ പത്രവും പത്രപ്രവർത്തകർക്കിടയിൽ ഒരു ലജന്റുപോലെ പ്രചരിക്കുന്ന കഥകളാണ്‌. 82-ൽ തിരുവനന്തപുരത്ത്‌ ടി.വി വന്നിട്ടേയുള്ളൂ, ബ്ളാക്ക്‌ ആന്റ്‌ വൈറ്റാണ്‌. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞാണ്‌ കളി. വേണുവേട്ടൻ ടി.വിക്ക്‌ മുന്നിൽ പാഡും പേനയുമായി ഇരിപ്പുറപ്പിച്ചു. രാജൻ പൊതുവാൾ ടി.വി. ദൃശ്യങ്ങൾ ക്യാമറയിലാക്കുന്നു. തുടക്കത്തിൽ ഇന്ത്യക്ക്‌ തകർച്ചയായിരുന്നു. വേണുവേട്ടന്‌ കുലുക്കമില്ല. ഫസ്റ്റ്‌ എഡിഷന്റേയും സെക്കൻഡ്‌ എഡിഷന്റെയും സമയം കഴിഞ്ഞു. അതറിഞ്ഞമട്ടില്ല. അന്ന്‌ പ്രസ്‌ സൂപ്രണ്ടായിരുന്ന ശശീന്ദ്രൻ കൊമ്പൻമീശ പിരിച്ച്‌ ഇടയ്ക്കിടെ വന്ന്‌ നോക്കും. വേണുവേട്ടനോട്‌ എന്തെങ്കിലും പറയാൻ ധൈര്യവുമില്ല. ഇക്കണക്കിന്‌ പോയാൽ ഇന്ന്‌ പത്രക്കെട്ട്‌ അയയ്ക്കാൻ പറ്റില്ലെന്ന്‌ പിറുപിറുത്തുകൊണ്ടിരുന്നു. അർദ്ധരാത്രി കഴിഞ്ഞു. ഇപ്പോൾ ഇന്ത്യ വിജയത്തിന്റെ വഴിയിലാണ്‌. ഇന്ത്യ വിജയം ഉറപ്പിച്ചപ്പോഴേക്കും വേണുവേട്ടന്റെ റിപ്പോർട്ടും പൊതുവാളിന്റെ ചിത്രങ്ങളും തയ്യാറായിരുന്നു. ഇന്ത്യ ജയിച്ച വാർത്തയുമായി പത്രം പുറത്തുവന്നു. ഒന്നാംപേജും അവസാന പേജും നിറയെ കളിയുടെ വിശദാംശങ്ങളും ചിത്രങ്ങളും. പ്രത്യേക വാഹനങ്ങളിൽ പത്രം എല്ലായിടത്തും സമയത്തിന്‌ എത്തിച്ചു. ഇന്ത്യ തകർച്ചയിലേക്ക്‌ എന്ന തലക്കെട്ടുമായാണ്‌ മറ്റ്‌ പല പത്രങ്ങളും പിറ്റേന്ന്‌ വിപണിയിലെത്തിയത്‌.
ഇന്ദിരാഗാന്ധി വെടിയേറ്റ്‌ മരിച്ച വാർത്തയുമായി ഇറങ്ങിയ തിരുവനന്തപുരം എഡിഷൻ ഒന്നാംപേജിന്റെ രൂപകല്പനയുടെ ധീരമായ പരീക്ഷണമായിരുന്നു. മാതൃഭൂമി എന്ന മാസ്റ്റ്‌ ഹെഡ്‌ ഉൾപ്പെടെ രാജീവ്ഗാന്ധി പ്രധാനമന്ത്രി എന്ന തലക്കെട്ട്‌ ഒഴികെ ബാക്കി പേജ്‌ മുഴുവൻ കറുത്ത പശ്ചാത്തലത്തിലായിരുന്നു. ലൈറ്റ്‌ ആൻഡ്‌ ഷെയ്ഡിൽ ഇന്ദിരാഗാന്ധിയുടെ ചിത്രവും. ഡൽഹിയിലെ സഫ്ദർ ജംഗ്‌ റോഡിലുള്ള ഇന്ദിരാഗാന്ധി മ്യൂസിയത്തിൽ ഈ പത്രം ഇന്ന്‌ ഒരു പ്രദർശനവസ്തുവാണ്‌.
വേണുക്കുറുപ്പിന്‌ പത്രപ്രവർത്തനം ഒരു ഉദ്യാനം പോലെ ഹൃദ്യമായിരുന്നുവെന്നാണ്‌ മാതൃഭൂമി മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചത്‌. കൃത്യമായ ചിത്രം. തനിക്ക്‌ ചുറ്റുമുള്ളവരിലേക്ക്‌ ഉദ്യാനത്തിന്റെ പൂമണം അദ്ദേഹം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. സ്നേഹവും സന്തോഷവും അവർക്കിടയിൽ വിതറി. അദ്ദേഹത്തിന്റെ കഥാസദസ്സുകൾ പ്രസിദ്ധമാണ്‌. “ന്താന്ന്‌... നിശ്ചയം ണ്ടോ“ എന്ന്‌ ഇടയ്ക്കിടെ മേമ്പൊടി ചേർത്ത്‌ അദ്ദേഹം കഥകൾ പറഞ്ഞുകൊണ്ടിരുന്നു. കെ.എം. റോയിയും തോമസ്‌ ജേക്കബും പി. രാജനും അന്തരിച്ച എൻ.എൻ. സത്യവ്രതനും ചേരുമ്പോഴാണ്‌ ആ സദസ്സ്‌ പൂർണമാവുക. കഥാകഥനം വെളുക്കുവോളം നീളും. പി.സി. കുട്ടിക്കൃഷ്ണനും ഇടശ്ശേരിയും കടവനാടും അക്കിത്തവും ഒക്കെ അടങ്ങിയ പൊന്നാനിക്കളരിയുടേയും കോഴിക്കോട്‌ തളിയിലെ കവി ആർ. രാമചന്ദ്രന്റെ വീടിന്റെ ഉമ്മറത്ത്‌ ആരംഭിച്ച കോലായ എന്ന സാഹിത്യ കൂട്ടായ്മയുടെയും കഥകൾ ഞങ്ങൾക്ക്‌ വീണുകിട്ടിയത്‌ ഈ കഥാസദസ്സുകളിൽ നിന്നാണ്‌.
തർക്കിക്കാൻ അവസരം കിട്ടിയാൽ വേണുവേട്ടന്‌ ഹരമായി. എന്തും പറഞ്ഞ്‌ സമർത്ഥിക്കും. അഴീക്കോട്‌ വിമർശനത്തിൽ ആ താർക്കികനെയാണ്‌ കണ്ടത്‌. പത്രപ്രവർത്തന വിഷയത്തിൽ തർക്കമുണ്ടായാൽ നീറുപോലെ നിൽക്കും. കോഴിക്കോട്‌ ന്യൂസ്‌ എഡിറ്ററായിരുന്ന പരേതനായ വിംസി എന്ന വി.എം. ബാലചന്ദ്രനുമായി ടെലിപ്രിന്റർ വഴിയായിരുന്നു കൃത്യം. തർക്കം വ്യക്തിപരമല്ല, പത്രപ്രവർത്തന ശാസ്ത്രം സംബന്ധിച്ചായിരുന്നു. ഒരിക്ക ൽ ആലുവയിലെ ഐ.ആർ.ഇ.യിൽ അണുപ്രസരമുള്ള അവശിഷ്ടങ്ങൾ ഫാക്ടറിവളപ്പിൽ കൂറ്റൻ കോക്രീറ്റ്‌ കല്ലറകൾ ഉണ്ടാക്കി സംസ്കരിക്കുന്നതിനെപ്പറ്റി പി. രാജന്റെ റിപ്പോർട്ട്‌ മാതൃഭൂമി കൊച്ചി എഡിഷനിൽ ഒന്നാംപേജിൽ വന്നു. അതിന്‌ രാജനെഴുതിയ ഇൻട്രോ കൊച്ചിയിൽ സബ്‌ എഡിറ്ററായിരുന്ന കെ.കെ. മധുസൂദനൻ അല്പം പരിഷ്കരിച്ചു. ഏതാണ്‌ മികച്ച ഇൻട്രോ? അക്കാദമിക്കായ ഒരു തർക്കവിഷയമായി അതുമാറി. രാജനും മധുവും വേണുക്കുറുപ്പും തമ്മിൽ ഏറെനാൾ നീണ്ട കത്തിടപാടുകൾ ഇതുസംബന്ധിച്ച്‌ നടന്നു. വാദങ്ങൾ പ്രതിവാദങ്ങൾ. ഒടുവിൽ റഫറിയായ വേണുവേട്ടന്റെ തീരുമാനം രാജന്‌ അനുകൂലമായിരുന്നുവെന്നാണ്‌ ഓർമ്മ. തിരുവനന്തപുരം ഡെസ്കിൽ കത്തുകവിതകളായിരുന്നു പ്രധാന വിനോദങ്ങളിലൊന്ന്‌. രാത്രി ഷിഫ്റ്റിലെ വിശ്രമവേളകളിൽ. വേണുവേട്ടൻ, ചീഫ്‌ സബ്‌ എഡിറ്ററായിരുന്ന പിഷാരടി, കരൂർ ശശി, പി. ബാലകൃഷ്ണൻ, ശശിമോഹൻ എന്നിവരായിരുന്നു പ്രധാന വേഷക്കാർ. അവർ കവിതയെഴുതി കൈമാറിക്കളിക്കും. കവിത, മറുപടി കവിത. ഞങ്ങളൊക്കെ അതിന്റെ ആസ്വാദകരും.
വേണുവേട്ടൻ വിടവാങ്ങുന്നതിന്‌ രണ്ട്‌ മാസം മുമ്പ്‌ ബേപ്പൂരിലെ അരക്കിണറിലുള്ള വീട്ടിൽ ലൽകാറിനൊപ്പം പോയി കണ്ടിരുന്നു. എന്നെ മനസ്സിലായോയെന്ന്‌ വ്യക്തമായില്ല. യാത്ര പറഞ്ഞ്‌ പോരുന്നതുവരെ എന്റെ കൈകളിൽ അദ്ദേഹം മുറുകെ പിടിച്ചിരുന്നു. വേണുവേട്ടനെ പോലുള്ളവർക്ക്‌ പത്രപ്രവർത്തനം വെറും തൊഴിൽ മാത്രമായിരുന്നില്ല. ഉപാസനാമൂർത്തിയായിരുന്നു. അവർക്ക്‌ അത്‌ ആത്മസമർപ്പണമായിരുന്നു. ആ പാരമ്പര്യത്തിന്റെ അവസാന കണ്ണികളിലൊരാളാണ്‌ ഇതോടെ അറ്റ്‌ പോകുന്നത്‌.
ഞങ്ങളുടെ തലമുറയിൽപ്പെട്ട ഒത്തിരിപ്പേർക്ക്‌ - മാതൃഭൂമിക്ക്‌ അകത്തും പുറത്തും - പത്രപ്രവർത്തന രംഗത്തെ കാരണവരോ ആചാര്യനോ മാത്രമായിരുന്നില്ല വേണുവേട്ടൻ. സ്നേഹത്തിന്റെയും കരുതലിന്റെയും തണൽ വൃക്ഷമായിരുന്നു. ആത്മവിശ്വാസവും ഉൾക്കരുത്തും പ്രസരിപ്പിക്കുന്ന ഗോപുരമായിരുന്നു. സദാ സന്തോഷവും പ്രകാശവും പരത്തിയ ജീവിതമായിരുന്നു. മനോഹരമായ ആ ചരിത്രത്തിന്റെ മുന്നിൽ മനസ്സുകൊണ്ട്‌ നമസ്ക്കരിക്കുന്നു.

ടി.വേണുഗോപാലൻ

ജനനം - 1930 ൽ പൊന്നാനിയിലെ ഈശ്വരമംഗലം വില്ലേജിൽ തേറമ്പത്ത്‌ വീട്ടിൽ

അച്ഛൻ - കെ.ശങ്കുണ്ണി നായർ
അമ്മ - മീനാക്ഷി അമ്മ

വിദ്യാഭ്യാസം
ഇന്റർമീഡിയറ്റ്‌ - കോഴിക്കോട്‌ സാമൂതിരി കോളേജിൽ
ഡിഗ്രി - തൃശൂർ കേരള വർമ്മ കോളേജിൽ

പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്‌ 1952 ൽ മാതൃഭൂമിയിൽ.
1988 വരെ മാതൃഭൂമിയിൽ പ്രവർത്തിച്ചു.
മാധ്യമം, മംഗളം, തൃശൂർ എക്സ്പ്രസ്‌ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.
ദേശാഭിമാനി, ദീപിക, തേജസ്‌ തുടങ്ങിയ പത്രങ്ങളുടെ പരിശീലന പരിപാടികൾ നയിച്ചിട്ടുണ്ട്‌.
തിരുവനന്തപുരം, കോഴിക്കോട്‌ പ്രസ്‌ ക്ളബ്ബുകൾ,
കൊച്ചി പ്രസ്‌ അക്കാദമി തുടങ്ങി ഒട്ടേറെ മാധ്യമപരിശീലന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ അദ്ദേഹം പരിശീലന നൽകി.
കോഴിക്കോട്‌ പ്രസ്ക്ളബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകഡയറക്ടർ ആയിരുന്നു.
മൂന്നുകൊല്ലം തുടർച്ചയായി കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.

അവാർഡുകൾ -
2011ൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വദേശാഭിമാനി- കേസരി പുരസ്കാരം
1997 ൽ സാഹിത്യ അക്കാദമി അവാർഡ്‌
1995 ൽ കൊച്ചി ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം
1998 ലെ എൻ.വി.പൈലി അവാർഡ്‌ 2000 ലെ പ്രസ്‌ അക്കാദമി അവാർഡ്‌
2002 ലെ കെ.വിജയരാഘവൻ പുരസ്കാരം

ഈശ്വരമംഗലം എന്ന പേരിൽ മികച്ച കവിതകൾ എഴുതിയിട്ടുണ്ട്‌

2012 ആഗസ്റ്റ്‌ 3ന്‌ പുലർച്ചെ നാലുമണിയോടെ ബേപ്പൂരിലെ വസതിയിൽ അന്തരിച്ചു.

 

Tags: