ടാം: വിവാദങ്ങളുടെ റേറ്റിങ്ങ്‌

എൻ. ഇ. ഹരികുമാർ

വിവാദങ്ങൾ എന്നും ടാമിനൊപ്പമുണ്ടായിരുന്നു. റേറ്റിങ്ങ്‌ ഡാറ്റയിലെ കൃത്യത, ശാസ്ത്രീയത തുടങ്ങിയവയിലേയ്ക്ക്‌ തുടർച്ചയായി സംശയങ്ങളെറിയപ്പെട്ടു. ഡാറ്റയിൽ കൃത്രിമം നടത്തുന്നു ടാം എന്ന്‌ ആരോപണങ്ങൾ പ്രമുഖ നാഷണൽ ബ്രോഡ്കാസ്റ്റർമാർ പോലുമുയർത്തി. പക്ഷപാതപരമായ സർവ്വെ റിപ്പോർട്ടുകൾ പുറത്തിറക്കി ടാം തങ്ങളുടെ പരിപാടികളുടെ റേറ്റിങ്ങ്‌ കുറച്ചുകാണിക്കുന്നുവെന്ന്‌ അവർ പരാതിപ്പെട്ടു. കുറഞ്ഞ റേറ്റിങ്ങ്‌ മാത്രം നേടിയിരുന്ന ചാനലുകൾ ചില പ്രത്യേക ദിവസങ്ങളിൽ ഏറ്റവുമുയർന്ന റേറ്റിങ്ങ്‌ നേടിയപ്പോൾ ആരോപണങ്ങൾ ശക്തമായി. ടാമിന്റെ കളികൾ പരസ്യമായൊരു രഹസ്യമാണെന്ന്‌ ചാനൽ മേധാവികൾ പറയുന്നു.

ഇന്ത്യയിലെ ടെലിവിഷൻ വ്യൂവർഷിപ്പ്‌ റേറ്റിങ്ങ്‌ ഏജൻസിയായ ടാം (ടെലിവിഷൻ ഓഡിയൻസ്‌ മെഷർമെന്റ്‌) മീഡിയാ റിസർച്ചിനെതിരെ കടുത്ത ആരോപണങ്ങളുമായി ന്യൂസ്‌ ബ്രോഡ്കാസ്റ്ററായ എൻഡിടിവി രംഗത്തെത്തിയിരിക്കുകയാണ്‌. ടാം റേറ്റിങ്ങിൽ കൃത്രിമം കാണിച്ച്‌ തങ്ങളുടെ ചാനലിനെ ക്ഷീണിപ്പിക്കുകയും വരുമാനത്തിൽ ഇടിവ്‌ വരുത്തുകയും ചെയ്തുവെന്നാണ്‌ എൻഡിടിവിയുടെ പരാതി. നഷ്ടപരിഹാരമായി 7650 കോടി രൂപ ആവശ്യപ്പെട്ട്‌ അവർ ടാമിനെതിരെ ന്യൂയോർക്കിലെ സുപ്രീം കോടതിയിൽ കേസ്‌ ഫയൽ ചെയ്തിരിക്കുന്നു. ഇതോടെ ടാമിനെക്കുറിച്ചുള്ള വിവാദങ്ങൾ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌.
പബ്ലിക്‌ ബ്രോഡ്കാസ്റ്ററായ ദൂരദർശന്റെ ആധിപത്യം ഭേദിച്ച്‌ തൊണ്ണൂറുകളിലാണ്‌ സാറ്റലൈറ്റ്‌ ടിവി ചാനലുകൾ ഇന്ത്യയിൽ സംപ്രേഷണമാരംഭിച്ചത്‌. കേബിൾ ടിവി നെറ്റ്‌വർക്കുകൾ അവ സ്വീകരണമുറികളിലെത്തിച്ച്‌ ജനപ്രിയമാക്കി. തുടർന്ന്‌ ചാനലുകൾ പെരുകി. വൈവിധ്യമേറിയ പ്രോഗ്രാമുകളും പരസ്യങ്ങളും രാപ്പകൽ സംപ്രേഷണം ചെയ്യപ്പെട്ടു. അവയ്ക്കുള്ള പ്രേക്ഷകരുടെ എണ്ണം കണ്ടെത്താനും അവരേക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്ത്‌ പരസ്യദാതാക്കളെയും ഏജൻസികളെയും ബ്രോഡ്കാസ്റ്റർമാരെയും അറിയിയ്ക്കാനുമാണ്‌ ടാം മീഡിയാ റിസർച്ച്‌ രംഗത്തെത്തിയത്‌. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന മീഡിയാ റിസർച്‌ ഗ്രൂപ്പായ നീൽസെൻ, ഇന്ത്യൻ മീഡിയാ മാർക്കറ്റിന്റെ സാധ്യതകൾ കണ്ട്‌ ഇവിടെയുമെത്തുകയായിരുന്നു. വൈകാതെ മീഡിയാപ്ലാനിങ്ങിന്റേയും ടെലിവിഷൻ കമേർസ്യലുകളുടേയും നിർണ്ണായക മാനദണ്ഡമായി ടാം റേറ്റിങ്ങ്‌ മാറി. ദൂരദർശന്റെ ആധിപത്യം തകരുകയും സ്വകാര്യ ചാനലുകൾ പെരുകുകയും ചെയ്ത സാഹചര്യത്തിൽ പ്രേക്ഷകസമൂഹത്തെ തിരിച്ചറിയാനും വിലയിരുത്താനുമായി ഒരു സർവ്വെ അനിവാര്യവുമായിരുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ്‌ അഡ്വർടൈസിങ്ങ്‌ ഏജൻസീസ്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ബ്രോഡ്കാസ്റ്റ്‌ ഫൗണ്ടേഷൻ തുടങ്ങിയ ഏജൻസികൾ ടാം മീഡിയാ റിസർച്ചിനെ അംഗീകരിക്കുകയും ചെയ്തു. ടാം റേറ്റിങ്ങ്‌ കൂടിയ പ്രോഗ്രാമുകളുകളും ചാനലുകളും മാർക്കറ്റിൽ ആധിപത്യം നേടി. അവർ പരസ്യനിരക്കുയർത്തി. എന്നിട്ടും പരസ്യദാതാക്കൾ അവരുടെ കമേർസ്യൽ ടൈമിൽ കയറിക്കൂടാൻ തിരക്കിച്ചെന്നു. റേറ്റിങ്ങ്‌ കുറഞ്ഞ ചാനലുകാരുടെ ഉറക്കം നഷ്ടപ്പെട്ടു. ടാം റേറ്റിങ്ങ്‌ അശാസ്ത്രീയമെന്നും പക്ഷപാതപരമെന്നും അവർ സ്ഥിരം പരാതിക്കാരായി.
തെരഞ്ഞെടുത്ത കേബിൾ-സാറ്റലൈറ്റ്‌ വീടുകളിൽ പീപ്പിൾ മീറ്റർ എന്ന ഉപകരണം സ്ഥാപിച്ചാണ്‌ ടാം ഓഡിയൻസ്‌ റിസർച്ച്‌ നടത്തുന്നത്‌. ഇത്‌ ടെലിവിഷൻ സെറ്റിനോട്‌ ബന്ധിപ്പിക്കുന്നു. ടിവി പ്രവർത്തിയ്ക്കുന്ന ഓരോ സെക്കന്റും പീപ്പിൾ മീറ്റർ നിരീക്ഷിച്ച്‌ രേഖപ്പെടുത്തുന്നു. പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്ന ചാനൽ, പ്രോഗ്രാം തുടങ്ങിയ വിവരങ്ങളടങ്ങുന്ന പീപ്പിൾ മീറ്റർ ഡാറ്റ ടാമിന്റെ പ്രൊഡക്ഷൻ സെന്ററിലെത്തുന്നു. അവിടെ അത്‌ പ്രോസസ്സ്‌ ചെയ്യപ്പെടുന്നു. ചാനലുകളുടെ റീച്ച്‌, പ്രേക്ഷകരുടെ എണ്ണം, പ്രായം തുടങ്ങിയ വിവരങ്ങളും വിശകലനങ്ങളുമടങ്ങുന്ന ഈ സാമ്പിൾ സർവ്വെഫലം ടാം തങ്ങളുടെ സബ്സ്ക്രൈബർമാരായ ബ്രോഡ്കാസ്റ്റർമാർക്കും ഏജൻസികൾക്കും നൽകുന്നു. അതനുസരിച്ച്‌ മീഡിയാപ്ലാനുകൾ രൂപപ്പെടുന്നു. റിലീസ്‌ ഓർഡറുകൾ ഒഴുകുന്നു.
പീപ്പിൾ മീറ്റർ ഘടിപ്പിച്ച വീടുകൾ, പ്രദേശം, കേബിൾ നെറ്റ്‌വർക്കുകൾ തുടങ്ങിയ വിവരങ്ങൾ അതീവ സ്വകാര്യതയിലാണ്‌ സൂക്ഷിയ്ക്കപ്പെടുന്നതെന്ന്‌ ടാം അവകാശപ്പെടുന്നു. ഒരു ഡസനിൽ കുറഞ്ഞ പ്രൊഫഷണലുകൾ മാത്രമേ ഈ വിവരങ്ങൾ കൈകാര്യം ചെയ്യുന്നുള്ളൂ. അതിനായി രഹസ്യകോഡുകളാണ്‌ ടാം ഉപയോഗിയ്ക്കുന്നത്‌. ഈ വിധം തികഞ്ഞ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനാൽ ഡാറ്റ കൃത്യവും സുതാര്യവുമാണെന്ന്‌ ടാം അധികൃതർ പറയുന്നു. പീപ്പിൾ മീറ്റർ വീടുകൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നിട്ടുപോലും 2001ൽ പീപ്പിൾ മീറ്റർ ടിവികളുടെ ലിസ്റ്റ്‌ ടാമിൽ നിന്ന്‌ ചോർന്ന്‌ പുറത്തുവന്നു. ടാം മീഡിയാ റിസർച്ചും സംരഭകരായ നീൽസെന്റെ ഹെഡ്ക്വാർട്ടേർസും ഞെട്ടിത്തരിച്ചു പോയി ഈ സംഭവത്തിൽ. എത്ര ലാഘവത്തോടെ, ആർക്കും കടന്നുകയറി മാനിപുലേറ്റ്‌ ചെയ്യാവുന്ന വിധമാണ്‌ ടാം സംവിധാവമെന്ന്‌ ആരോപണമുയർന്നു. അപവാദത്തിൽ നിന്നും കരകയറാൻ ടാം അന്ന്‌ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.
വിവാദങ്ങൾ എന്നും ടാമിനൊപ്പമുണ്ടായിരുന്നു. റേറ്റിങ്ങ്‌ ഡാറ്റയിലെ കൃത്യത, ശാസ്ത്രീയത തുടങ്ങിയവയിലേയ്ക്ക്‌ തുടർച്ചയായി സംശയങ്ങളെറിയപ്പെട്ടു. ഡാറ്റയിൽ കൃത്രിമം നടത്തുന്നു ടാം എന്ന്‌ ആരോപണങ്ങൾ പ്രമുഖ നാഷണൽ ബ്രോഡ്കാസ്റ്റർമാർ പോലുമുയർത്തി. പക്ഷപാതപരമായ സർവ്വെ റിപ്പോർട്ടുകൾ പുറത്തിറക്കി ടാം തങ്ങളുടെ പരിപാടികളുടെ റേറ്റിങ്ങ്‌ കുറച്ചുകാണിക്കുന്നുവെന്ന്‌ അവർ പരാതിപ്പെട്ടു. കുറഞ്ഞ റേറ്റിങ്ങ്‌ മാത്രം നേടിയിരുന്ന ചാനലുകൾ ചില പ്രത്യേക ദിവസങ്ങളിൽ ഏറ്റവുമുയർന്ന റേറ്റിങ്ങ്‌ നേടിയപ്പോൾ ആരോപണങ്ങൾ ശക്തമായി. ടാമിന്റെ കളികൾ പരസ്യമായൊരു രഹസ്യമാണെന്ന്‌ ചാനൽ മേധാവികൾ പറയുന്നു. തങ്ങളുടെ ചാനലുകളെ നമ്പർ വ ആയി നിലനിർത്താൻ 300 കോടിയിലേറെ രൂപ ഒരു വർഷം ചിലവഴിക്കാറുണ്ടെന്ന്‌ ഒരു പ്രമുഖ ചാനലിന്റെ സീനിയർ എക്സിക്യൂട്ടീവ്‌ ഈയിടെ പറയുകയുണ്ടായി (thehindu.com;  01.08.2012) മിക്ക ചാനലുകളും ചിലപ്പോഴെങ്കിലും വഴിവിട്ട നടപടികളിലൂടെ റേറ്റിങ്ങുയർത്താൻ ശ്രമിച്ചിട്ടുണ്ടെന്ന്‌ ബ്രോഡ്കാസ്റ്റർമാർ അടക്കം പറയുന്നു.
ഇന്ത്യയിലെ കേബിൾ-സാറ്റലൈറ്റ്‌ വീടുകൾ 2005ൽ 60 ദശലക്ഷമായിരുന്നു. ഇപ്പോഴത്‌ 132 ദശലക്ഷമാണ്‌. പക്ഷെ പ്രമുഖ നഗരങ്ങളിലും അർദ്ധനഗരങ്ങളിലുമായി വെറും 8150 വീറ്റുകളിൽ മാത്രമേ ടാം പീപ്പിൾ മീറ്ററുകളുള്ളൂ. ഗ്രാമീണ മേഖലകളിലെ പ്രേക്ഷകർ ടാമിന്റെ ഭൂപടത്തിലില്ല. ഇത്‌ അശാസ്ത്രീയമാണെന്ന്‌ വാർത്താവിതരണവകുപ്പുമന്ത്രി അംബികാസോണി ഈയിടെ പ്രസ്താവിക്കുകയുണ്ടായി.
എന്നാൽ ആരോപണങ്ങൾ ടാം തള്ളിക്കളയുന്നു. ഏറ്റവും കൃത്യവും ശാസ്ത്രീയവുമായ സംവിധാനമാണ്‌ തങ്ങളുടേതെന്ന്‌ ടാം അവകാശപ്പെടുന്നു. തികച്ചും സുരക്ഷിതവും വരിക്കാരോട്‌ സുതാര്യവുമാണ്‌ ടാം റേറ്റിങ്ങ്‌. വരിസംഖ്യ കൂട്ടിത്തരാൻ ബ്രോഡ്കാസ്റ്റർമാരും പരസ്യ ഏജൻസികളും തയ്യാറല്ലാത്തതിനാൽ കൂടുതൽ പീപ്പിൾ മീറ്ററുകൾ സ്ഥാപിക്കാൻ നിർവ്വാഹമില്ലെന്നാണ്‌ ടാമിന്റെ നിലപാട്‌.
ടാം സംരഭകരായ നീൽസെൻ-കാൻടാർ ഗ്രൂപ്പിനെതിരെ 7650 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ്‌ എൻഡിടിവി ഇപ്പോൾ കേസ്‌ ഫയൽ ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ എട്ട്‌ വർഷമായി പ്രതിഫലം കൈപ്പറ്റി ടാം ഡാറ്റകളിൽ കൃത്രിമം കാണിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന്‌ പരാതിയിൽ പറയുന്നു. തെളിവുകൾ സഹിതം പരാതിപ്പെട്ടിട്ടും റേറ്റിങ്ങ്‌ നിർണ്ണയരീതിയിൽ മാറ്റം വരുത്താമെന്ന വാഗ്ദാനം മാത്രമാണ്‌ ടാം നൽകിയതെന്ന്‌ എൻഡിടിവി ആരോപിക്കുന്നു. ഈ അധാർമ്മിക നടപടി കൊണ്ട്‌ തങ്ങൾക്ക്‌ കനത്ത വരുമാന നഷ്ടവും ഓഹരിമൂല്യത്തിലെ ഇടിവും സംഭവിച്ചു. മറ്റു ചില രാജ്യങ്ങളിലും ടാമിന്റെ മേധാവികൾ ഇത്തരം കൃത്രിമങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നും എൻഡിടിവി പരാതിപ്പെടുന്നു. സീഗ്രൂപ്പ്‌ ഉൾപ്പെടെയുള്ള ചില ബ്രോഡ്കാസ്റ്റർമാർ മുമ്പും ടാമിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എൻഡിടിവിയുടെ ഈ നീക്കത്തോടെ ടാം വീണ്ടും പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ്‌. ഗവണ്മെന്റ്‌ ഈ വിഷയം ഗൗരവമായെടുക്കുമെന്ന്‌ മന്ത്രി അംബികാസോണി പറഞ്ഞുകഴിഞ്ഞു. വാർത്താവിനിമയ വകുപ്പും പ്രസാർ ഭാരതിയും സംയുക്തമായി ഒരന്വേഷണം ടാമിനെക്കുറിച്ച്‌ നടത്താനൊരുങ്ങുകയാണ്‌. ബ്രോഡ്കാസ്റ്റർമാരും അഡ്വർടൈസിങ്ങ്‌ അസോസിയേഷൻ ഓഫ്‌ ഇന്ത്യയും പ്രശ്നത്തിൽ ഇടപെട്ടു കഴിഞ്ഞു. ടിആർപി (ടിവി റേറ്റിങ്ങ്‌ പോയിന്റ്സ്‌) റേറ്റിങ്ങ്‌ സംവിധാനം ശാസ്ത്രീയവും സുതാര്യവുമാക്കുന്നതിനായി ഒരു ടെക്നിക്കൽ കമ്മറ്റി ഉടൻ രൂപീകരിയ്ക്കുമെന്ന്‌ വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌.
എൻഡിടിവി തുറന്നിട്ട യുദ്ധമുഖത്ത്‌ ശക്തമായ പ്രതിരോധത്തിന്‌ തയ്യാറെടുക്കുകയാണ്‌ ടാം മീഡിയാ റിസർച്ച്‌ മേധാവികൾ. എൻഡിടിവിയുടെ പരാതി കഴമ്പില്ലാത്തതാണെന്നും അത്‌ തള്ളിക്കളയണമെന്നും അവർ കോടതിയോട്‌ അപേക്ഷിച്ചിരിക്കുകയാണ്‌. എൻഡിടിവിയ്ക്കെതിരെ മാനനഷ്ടത്തിനൊരു കേസും ടാം ഉദ്ദേശിക്കുന്നു.
ടെലിവിഷൻ ചാനലുകൾ വർദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ്‌. ടിവി സെറ്റുകളും. വ്യത്യസ്ത ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമുകളും വളർച്ച നേടുകയാണ്‌. 132 ദശലക്ഷത്തിലെത്തിയിരിക്കുന്നു ഇന്ത്യയിലെ കേബിൾ-സാറ്റലൈറ്റ്‌ വീടുകളുടെ എണ്ണം. 250 ദശലക്ഷം രൂപയുടെ സബ്സ്ക്രിപ്ഷൻ മാർക്കറ്റ്‌. ഒപ്പം 130 ദശലക്ഷം രൂപയുടെ അഡ്വർടൈസ്മെന്റ്‌ വരുമാനവും. മികച്ച വളർച്ചാനിരക്ക്‌ പ്രവചിയ്ക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ ശാസ്ത്രീയവും വിശ്വാസ്യവുമായ ഒരു ടിആർപി സംവിധാനം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. ഇന്ത്യൻ മാധ്യമമേഖലയിലെ സങ്കീർണ്ണമായൊരു പ്രശ്നമാണത്‌.
ടാമിന്‌ ശാസ്ത്രീയമായ ഒരു ബദൽ എന്ന സങ്കല്പത്തിൽ 2011ൽ അമിത്‌ മിത്ര കമ്മറ്റി നിർദ്ദേശമനുസരിച്ച്‌ ബാർക്ക്‌ (ബ്രോഡ്കാസ്റ്റ്‌ ഓഡിയൻസ്‌ മെഷർമെന്റ്‌ കൗസിൽ) ഈയിടെ രൂപീകൃതമായിരുന്നു. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്ങ്‌ ഫൗണ്ടേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ്‌ അഡ്വർടൈസേഷൻ, അഡ്വർടൈസിങ്ങ്‌ ഏജൻസീസ്‌ അസോസിയേഷൻ എന്നിവരുടെ ഒരു സംയുക്ത സംരഭമാണിത്‌. മാധ്യമരംഗത്തെ ഈ സജീവ പങ്കാളികളുടെ നേതൃത്വത്തിലുള്ള ഏജൻസി നടത്തുന്ന റേറ്റിങ്ങിന്‌ കൂടുതൽ ആധികാരികതയും വിശ്വാസ്യതയും പ്രതീക്ഷിക്കപ്പെടുന്നു. അനുയോജ്യമായ ഗവേഷണപദ്ധതികളിലൂടെ ശാസ്ത്രീയമായ കണ്ടെത്തലുകൾക്ക്‌ നേതൃത്വം നൽകാനായിരിക്കും ബാർക്കിന്റെ ശ്രമം. ഇതോടെ ടാമിന്റെ കുത്തക അവസാനിക്കും.
ടാമിന്റെ സംവിധാനം തീർച്ചയായും അവർ മികച്ചതാക്കി മാറ്റണം; ബാർക്ക്‌ വിശ്വാസ്യമായ ഒരു ബദൽ റേറ്റിങ്ങായി നടപ്പിലാവണം - ഇതാണ്‌ വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ നിലപാട്‌. ടാമിനെതിരെയുള്ള എൻഡിടിവിയുടെ നീക്കം ഗവണ്മെന്റിനെക്കൊണ്ടുപോലും സജീവമായ തീരുമാനങ്ങളെടുപ്പിയ്ക്കുകയാണ്‌.

കേബിൾ സ്കാൻ - സാറ്റലൈറ്റ്‌ ടിവി മാഗസിൻ എഡിറ്ററാണ്‌ ലേഖകൻ. ലേഖകന്റെ ഇ-മെയ്‌ൽ: neharikumar@gmail.com

Tags: