നവപത്രപ്രവർത്തനം: ചില പ്രയോഗ സാധ്യതകൾ

ഡോ. ആന്റണി സി. ഡേവിസ്‌

വാർത്തയും ഭാഷയിൽ തനത്‌ വ്യക്തിത്വം പ്രകടിപ്പിക്കുന്ന സാഹിത്യരൂപമാകുകയാണ്‌. കല്പിത യാഥാർത്ഥ്യങ്ങളെന്ന ‘ദുഷ്പേര്‌’ സാഹിത്യത്തെ മുടിചൂടി നിൽക്കുന്നതിനാൽ ‘വാർത്ത’യെ സാഹിത്യത്തിന്റെ ഭാഗമാക്കുന്നതിന്‌ മാധ്യമവിമർശകരുടെ ഊരുവിലക്കുണ്ട്‌. എന്നാൽ ഘടനാപരമായ സവിശേഷതകളെല്ലാം ഉൾച്ചേർന്നിട്ടുള്ള വാർത്താരൂപത്തെ ഭാഷയുടെ ഉപധാരയായി അംഗീകരിക്കാതെ നിവൃത്തിയില്ല. അത്‌ ഭാഷയും സാഹിത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

എത്യോപ്യൻ അതിർത്തിയിലെ സുഡാൻ. ടെലിവിഷൻ കാഴ്ചകളുടെ ഭാഗമാകാറുള്ള ദാരിദ്ര്യം വിഴുങ്ങിയ ഗ്രാമങ്ങൾ. വയറ്‌ തൊലിയോട്‌ ഒട്ടിച്ചേർന്ന കുട്ടികൾ. ആഴത്തിൽ കുഴിഞ്ഞുപോയ കണ്ണുകളിലെ നീർച്ചാൽ വറ്റിയവർ. വരണ്ട്‌ കീറിയ ഭൂമി. ഒരു തുള്ളിവെള്ളം ആപ്രദേശത്തൊന്നുമില്ല. വിശപ്പടക്കാനുള്ള ഭക്ഷണം നേരിൽ കണ്ടിട്ട്‌ ദിവസങ്ങളായെന്ന തിരിച്ചറിവിന്‌ നിമിഷങ്ങൾ മതി.
ഇവരുടെ ഇടയിൽ അപ്രതീക്ഷിതമായി എത്തിയ മാധ്യമപ്രവർത്തകനാണോ നിങ്ങൾ? ‘പട്ടിണി: മരണസംഖ്യ 100 ആയി’ എന്നുമാത്രം ദുരിതക്കാഴ്ചകളെ ആഖ്യാനിച്ച്‌ കടന്നുപോകാനാകുമോ? നേരിൽ കണ്ടത്‌ വിശദീകരിക്കാൻ ഭാഷാപ്രയോഗ ചാരുതയോ, ആഖ്യാനതന്ത്രങ്ങളോ സ്വായത്തമാക്കേണ്ടതില്ല. യാഥാർത്ഥ്യങ്ങളുടെ ചെറുവിവരണം കോറിയിടാൻ പൊള്ളുന്ന നേർകാഴ്ചകൾ മാത്രംമതി.
സപ്തംബർ 11ലെ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണം, ഇറാഖിലെ അമേരിക്കൻ അധിനിവേശം, അഫ്ഗാനിലെ നാറ്റോ ആക്രമണങ്ങൾ, ലിബിയൻ വിപ്ളവം, സിഖ്‌ കൂട്ടക്കൊല, ഗോധ്ര കലാപം, മുംബൈയിലെ സ്ഫോടന പരമ്പര - ഇവയെല്ലാം ഏജൻസികൾ കൈമാറുന്ന ‘സമ്മറി വാർത്ത’കളിൽ മാത്രം ചുരുങ്ങിപോകേണ്ടവയല്ല. മനസിൽ പതിഞ്ഞ ദൃശ്യങ്ങളുടെ നേർആവിഷ്കാരമായി മാറേണ്ടവയാണിവയെല്ലാം. നവപത്രപ്രവർത്തനത്തിന്റെ ആഖ്യാനസാധ്യതകളാണ്‌ ഇത്തരം സംഭവങ്ങൾ മാധ്യമപ്രവർത്തകനെ ഓർമിപ്പിക്കുന്നത്‌. ഒരു സംഭവത്തിന്റെ ‘ഫാക്ടും ഫിഗറും’ മാത്രം ഉൾപ്പെടുത്തിയുള്ള വാർത്തകൾക്കപ്പുറം ആഖ്യാനസാധ്യതകളിലേയ്ക്ക്‌ ഇറങ്ങിചെല്ലുമ്പോഴാണ്‌ സംഭവത്തിന്റെ യഥാർത്ഥ കാഴ്ച വായനക്കാരിലെത്തുന്നതെന്ന്‌ ഏറെ വിശദമാക്കേണ്ടതില്ല. സംഭവസ്ഥലത്തെത്തി സൂക്ഷ്മമായി വിവരങ്ങൾ ശേഖരിക്കുന്നതിലൂടെയാണ്‌ ഭാഷയിലൂടെ ഈ ചിത്രീകരണം സാധ്യമാകുന്നത്‌.
നോവൽ, കഥ, കവിത, നാടകം, ജീവചരിത്രം എന്നിവയെപ്പോലെ വാർത്തയും ഭാഷയിൽ തനത്‌ വ്യക്തിത്വം പ്രകടിപ്പിക്കുന്ന സാഹിത്യരൂപമാകുകയാണ്‌. കല്പിത യാഥാർത്ഥ്യങ്ങളെന്ന ‘ദുഷ്പേര്‌’ സാഹിത്യത്തെ മുടിചൂടി നിൽക്കുന്നതിനാൽ ‘വാർത്ത’യെ സാഹിത്യത്തിന്റെ ഭാഗമാക്കുന്നതിന്‌ മാധ്യമവിമർശകരുടെ ഊരുവിലക്കുണ്ട്‌. എന്നാൽ ഘടനാപരമായ സവിശേഷതകളെല്ലാം ഉൾച്ചേർന്നിട്ടുള്ള വാർത്താരൂപത്തെ ഭാഷയുടെ ഉപധാരയായി അംഗീകരിക്കാതെ നിവൃത്തിയില്ല. അത്‌ ഭാഷയും സാഹിത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കവിതയ്ക്കും നോവലിനും ജീവചരിത്രരചനയ്ക്കും അതിന്റേതായ ഘടനാത്മക വ്യതിരക്തതകളുണ്ട്‌. മേൽപറഞ്ഞ സാഹിത്യരൂപങ്ങളുടെ അവിഭാജ്യഘടകമായ ഭാഷതന്നെയാണ്‌ തനത്‌ വ്യക്തിത്വത്തോടെ വാർത്തയിലും പ്രകടമാകുന്നത്‌.
ഭാഷാപ്രാധാന്യത്തോടൊപ്പം സാഹിത്യരൂപമായും വാർത്തയെ അംഗീകരിച്ചതോടെ അതിന്റെ ആഖ്യാന സവിശേഷതകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക്‌ പ്രസക്തിയേറി. നരേറ്റീവ്‌ ജേണലിസം, ന്യൂ ജേണലിസം, നരേറ്റീവ്‌ നോൺഫിക്ഷൻ, ലിറ്റററി റിപ്പോർട്ടേജ്‌, റിപ്പോർട്ടേജ്‌ ലിറ്ററേച്ചർ, നോൺഫിക്ഷൻ നോവൽ, ലിറ്റററി നോൺഫിക്ഷൻ തുടങ്ങിയ സംജ്ഞകൾ അങ്ങനെ മാധ്യമലോകത്ത്‌ പിറവിയെടുത്തു. മാധ്യമരചനകളുടെ ഘടനാത്മക വിശകലത്തിലൂടെയാണ്‌ ഇത്രയും സാധ്യതകൾ തെളിഞ്ഞുവന്നത്‌.
സാഹിത്യ ആഖ്യാനങ്ങളുടെ ഘടന ജീവിതാനുഭവങ്ങളിൽ ഉണ്ടാകുമെന്ന റെയ്മണ്ട്‌ ടാലിസിന്റെ നിരീക്ഷണമാണ്‌ ഇവിടെ പ്രസക്തമാകുന്നന്നത്‌. സംഭവങ്ങൾ(സമയം), ഘടന(സംഭവങ്ങളെ വിന്യസിക്കൽ), ശബ്ദം(ആഖ്യാതാവ്‌), കാഴ്ചപ്പാട്‌(ആഖ്യാതാവിന്റെ വ്യത്യസ്ത കാഴ്ചപ്പാട്‌) എന്നീ പൊതുതത്വങ്ങളാണ്‌ എല്ലാ ആഖ്യാനമാതൃകകളിലുമുള്ളതെന്ന ജറാർഡ്‌ ഷെനെയുടെ കണ്ടെത്തൽ ഇതിനോട്‌ ചേർത്തുവായിക്കാവുന്നതാണ്‌. വായനക്കാരന്റെ താൽപര്യം പിടിച്ചുനിർത്തുന്ന തരത്തിൽ സൂക്ഷ്മവും പഠനാത്മകവുമായ വിവരങ്ങൾ നൽകുന്ന നവപത്രപ്രവർത്തനത്തിന്റെ സാധ്യതകൾ ഏറെകഴിഞ്ഞാണ്‌ മാധ്യമലോകത്തെത്തിയത്‌.
പത്രഭാഷയിൽ വാർത്ത ‘സ്റ്റോറി’യാണ്‌. കഥ കേവലം സങ്കല്പമാകുമ്പോൾ വാർത്താകഥനം(News story) വസ്തുതകളുടെ അവതരണമാകുന്നു. അറിവിനും അനുഭവത്തിനും വേണ്ടിയാണ്‌ വായന. വിവരദാനവും അനുഭവവും വാർത്തയിൽ കൂടിച്ചേരുമ്പോഴാണ്‌ വായനക്കാരന്‌ വാർത്ത അനിവാര്യതയാകുന്നത്‌. സ്വന്തംജീവിതാനുഭവങ്ങളോട്‌ വാർത്തയിലെ സംഭവങ്ങൾ താദാത്മ്യം പ്രാപിക്കുമ്പോഴാണ്‌ വായനക്കാരന്‌ അനുഭൂതിയും ആത്മസംതൃപ്തിയും ഉണ്ടാകുന്നത്‌. യഥാർത്ഥ സംഭവങ്ങളുടെ ഒരു ‘കഥാവിഷ്കാരം’ ആകുമ്പോൾ മാത്രമെ വാർത്ത ‘വായന’യുടെ ഭാഗമാകുന്നുള്ളൂ. കഥനം(Story) എന്നവാക്ക്‌ അർഥവത്താകുന്നത്‌ ഈ സാഹചര്യത്തിലാണ്‌. കഥപറച്ചിലിലും(Story telling) വാർത്താവതരണത്തിലും(News narration) അനുഭവവേദ്യമാകുന്ന മാനസികതലം ഒന്നുതന്നെയാണെന്ന്‌ ബോധ്യമായി തുടങ്ങിയതും ഇതിനെ തുടർന്നാണ്‌. ന്യൂറോ സയൻസ്‌, സോഷ്യോ ലിഗ്വിസ്റ്റിക്സ്‌, ആന്ത്രപ്പോളജി, ഡിസ്കോഴ്സ്‌ സൈക്കോളജി തുടങ്ങിയവയുടെ ഭാഗമായും അങ്ങനെ ജേണലിസം വായിക്കപ്പെട്ടു.
ന്യൂജേണലിസം എന്നപേരിൽ 1973-ൽ ടോം വൂൾഫ്‌ എഴുതിയ പുസ്തകത്തിലൂടെയാണ്‌ നരേറ്റീവ്‌ ജേണലിസത്തിന്റെ സാധ്യതകൾ പുറംലോകത്തെത്തിയത്‌. യാഥാർത്ഥ്യത്തിന്റെ അതിസൂക്ഷ്മതലംവരെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്‌ വൂൾഫ്‌ നവപത്രപ്രവർത്തനത്തിന്റെ അവതാരകനായത്‌.
ഒരു സംഭവത്തിന്‌ സാക്ഷിയായിനിന്ന്‌ എഴുത്തുകാരൻ നേരിട്ട്‌ വാർത്ത അവതരിപ്പിക്കുകയെന്ന അദ്ദേഹത്തിന്റെ രീതി കഥ പറച്ചിലിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി. സംഭവങ്ങൾ പുനരവതരിപ്പിച്ച്‌ കഥപറയുക, ഉദ്ധരണി, പ്രസ്താവന എന്നിവയേക്കാളുപരി സംഭാഷണങ്ങൾക്ക്‌ പ്രാധാന്യം നൽകുക, മൂന്നാമതൊരാൾ കഥ പറയുന്ന രീതി അവലംബിക്കുക തുടങ്ങിയ സങ്കേതങ്ങളാണ്‌ 70കളിൽ ടോം വൂൾഫ്‌ പരീക്ഷിച്ചത്‌. വാർത്തയുടെ അടിസ്ഥാനഘടകങ്ങളിൽ പ്രധാനമായ യഥാർത്ഥ സംഭവത്തിന്റെ അതിസൂക്ഷ്മമായ വിവരണത്തെ അദ്ദേഹം സംരക്ഷിച്ചു.
വൂൾഫിനെ തുടർന്ന്‌ നോർമാൻ മെയ്‌ലർ, ജോൻ ഡി. ഡിയോൻ, ട്രൂമാൻ കപോട്ടി, പി.ജെ.ഒ. റോർക്ക്‌, ജോർജ്‌ പ്ലിമ്പ്ടൺ, ടെറി സതേൺ, ഗെ ടെലസ്‌, ഹർ എസ്‌. തോംസൺ എന്നിവർ നവപത്രപ്രവർത്തനത്തിന്റെ വക്താക്കളായി.
അതിനിടയിൽ രംഗപ്രവേശംചെയ്ത ‘ഗോൺസോ ജേണലിസം’ നവപത്രപ്രവർത്തനത്തിന്റെ കാഴ്ചപ്പാടുകളെ അട്ടിമറിച്ചു. വിഷയത്തിന്‌ പ്രാധാന്യംനൽകി സംഭവത്തെ പെരുപ്പിച്ചുകാണിക്കുന്ന രീതിയായി ഗോൺസോ അധഃപ്പതിച്ചു.
സാമ്പ്രദായിക പത്രപ്രവർത്തന ശൈലികളെ വെല്ലുവിളിച്ചാണ്‌ ഗോൺസോ എത്തിയതെങ്കിലും വാസ്തവികതയിലുപരി, വ്യക്തിപരമായ അനുഭവങ്ങൾ ഭാവാത്മകമായി വാർത്തയിൽ പ്രകടിപ്പിക്കണമെന്ന അഭിപ്രായക്കാരായിരുന്നു ഇതിന്റെ വക്താക്കൾ. വില്യം ഫുക്നറുടെ ‘ദി ഫിക്ഷൻ ഈസ്‌ ഓഫൺ ദി ബെസ്റ്റ്‌ ഫാക്ട്സ്‌’ എന്ന ആശയമാണ്‌ തോംസൺ ഇതിനായി കടമെടുത്തത്‌. ഗോൺസോ മുന്നോട്ടുവെച്ച ആശയങ്ങളെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ മാധ്യമ വിമർശകർ പലപ്പൊഴും നവപത്രപ്രവർത്തനമെന്ന പ്രസ്ഥാനത്തിനുനേരെ വിമർശനമുന്നയിക്കുന്നത്‌.
യഥാർത്ഥ സംഭവത്തിന്റെയും കല്പിതകഥയുടെയും അതിർവരമ്പുകൾ വേർതിരിച്ചെടുക്കാൻ സാധിക്കാത്തവിധത്തിൽ ട്രൂമാൻ കപോട്ടി എഴുതിയ ‘ദി കോൾഡ്‌ ബ്ലഡ്‌’ ആണ്‌ നരേറ്റീവ്‌ ജേണലിസത്തിന്‌ മികച്ച (വലിയ) ഉദാഹരണം. ഭാഷയുടെ അനിവാര്യതയായ ആഖ്യാനതന്ത്രങ്ങൾ എപ്രകാരം പ്രയോജനപ്പെടുത്താമെന്ന്‌ ചിന്തിക്കുമ്പോൾ ‘ദി കോൾഡ്‌ ബ്ളഡ്‌’ എന്ന നോൺഫിക്ഷൻ നോവലാണ്‌ മുന്നിലെത്തുക. കെൻസാസ്‌ സിറ്റിയിലെ കർഷക കുടുംബത്തിന്റെ കൊലപാതകത്തിന്റെ നേർവിവരണമാണ്‌ ‘കോൾഡ്‌ ബ്ലഡ്‌’. അമേരിക്കൻ പശ്ചിമ സമതലപ്രദേശത്തെ വരൾച്ചയിൽനിന്ന്‌ രക്ഷപ്പെടാൻ ജനങ്ങൾ നടത്തിയ കുടിയേറ്റത്തിന്റെ കഥപറയുന്ന ജോൺ സ്റ്റെയിൻബെക്കിന്റെ  ‘ദി ഗ്രേപ്സ്‌ ഓഫ്‌ വ്രാത്ത്‌’ ഉം മാർക്കേസിന്റെ ‘സ്റ്റോറി ഓഫ്‌ ഷിപ്‌റേക്ക്ഡ്‌ സെയ്‌ലർ’ഉം മാധ്യമരചനകളിൽനിന്ന്‌ വികസിച്ച കൃതികളാണ്‌.
സംഭവസ്ഥലത്തുപോയി 6000 പേജ്‌ വരുന്ന കുറിപ്പുകൾ ശേഖരിച്ചാണ്‌ പത്രലേഖകനായ കപോട്ടി കോൾഡ്‌ ബ്ളഡിന്റെ രചന നിർവഹിച്ചത്‌. ടൈം വാരികയ്ക്കുവേണ്ടി കാലിഫോർണിയയിലേയ്ക്കുള്ള കുടിയേറ്റത്തെക്കുറിച്ച്‌ വാർത്ത തയ്യാറാക്കാൻ പോയതായിരുന്നു സ്റ്റയിൻബെക്ക്‌. മാർക്കേസിന്റെ കപ്പൽച്ചേതത്തിന്റെ കഥ ഒരിക്കൽ അദ്ദേഹമെഴുതിയ ഫീച്ചറിന്റെ രൂപാന്തരമാണ്‌.

പൊളിച്ചെഴുത്ത്‌:
ഒരു സംഭവത്തിന്റെ ചുവടുപിടിച്ച്‌ വാർത്താവതാരകനുണ്ടാകുന്ന സംശയങ്ങളുടെ ദുരീകരണമാണ്‌ വാർത്തയാകുന്നതെന്നാണ്‌ പത്രപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചിരുന്നത്‌. ആര്‌(Who), എന്ത്‌ (What), എവിടെ (Where), എപ്പോൾ (When), എന്തുകൊണ്ട്‌ (Why), എങ്ങനെ (How). എന്നീ (5 Wഉം ഒരു Hഉം) ചോദ്യങ്ങളായിരുന്നു വാർത്തയുടെ അടിസ്ഥാന ഘടകങ്ങളെ ഏകോപിപ്പിച്ചത്‌. എന്താണ്‌ സംഭവം, അതിൽ ഉൾപ്പെട്ടവർ ആരൊക്കെ, എപ്പോൾ, എവിടെ, എങ്ങനെ സംഭവിച്ചു - എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രാധാന്യമനുസരിച്ച്‌ എഴുതുന്നതായിരുന്നു വാർത്തയെന്ന്‌ ചുരുക്കം. 
നവപത്രപ്രവർത്തനത്തിന്റെ കാഴ്ചപ്പാടിൽ ആ ചോദ്യങ്ങളെ ഇപ്രകാരം പൊളിച്ചെഴുതാം:
ആര്‌(Who)-കഥാപാത്രം (Character)
എന്ത്‌ (What)പ്രവൃത്തി (Action)
എവിടെ (Where)സ്ഥലം (Setting)
എപ്പോൾ (When)കാലക്രമണിക(Chronology)
എങ്ങനെ/എന്തുകൊണ്ട്‌ (Why/How)ക്രിയ (Process)
ഈ ഘടകങ്ങൾക്കൊപ്പം ജാക്‌ ഹാർട്ടിന്റെ നിരീക്ഷണങ്ങൾ കൂട്ടിവായിക്കാം:
A Narrative writers notebook filled with visual details, anecdotes, action sequences, smells (sensory details) and the like.(Story cratf: The complete guide to writing narrative nonfiction).

മാതൃഭൂമി ഓൺലൈനിൽ സബ്‌ എഡിറ്ററാണ്‌ ലേഖകൻ.
ലേഖകന്റെ ഇ-മെയ്‌ൽ: antonycdavis@gmail.com

Tags: